
പാലക്കാട്: ലഹരിക്കടത്ത് തടയാനുള്ള ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരിൽ സൈനികനും. ലീവിൽ നാട്ടിലെത്തിയ സൈനികനുൾപ്പെടെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റാഞ്ചിയിൽ നിന്ന് അവധിക്കെത്തിയ ജിനേഷ്, തൃക്കളൂർ സ്വദേശികളായ രഞ്ജിത്ത് (37), അനീഷ് (35), അരിയൂർ സ്വദേശി പ്രവീൺ (39) എന്നിവരാണ് പിടിയിലായത്. പ്രതികളുടെ ആക്രമണത്തിൽ ഹേമാംബിക പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്‌ഐ എസ്. സുദർശന, എസ്‌ഐ ജോൺ സേവ്യർ, സീനിയർ സി.പി.ഒ രജീഷ് എന്നിവർക്ക് പരിക്കേറ്റിരുന്നു.
മലമ്പുഴ ഭാഗത്ത് നിന്ന് എത്തിയ കാർ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയുടെ ഭാഗമായി പൊലീസ് തടഞ്ഞുനിർത്തി പരിശോധിക്കവെയാണ് ആക്രമണമുണ്ടായത്. വാഹന പരിശോധനയെ ചോദ്യം ചെയ്ത പ്രതികൾ ആദ്യം എസ്‌ഐ ജോൺ സേവ്യറിനെ മർദിച്ചതായി പൊലീസ് അറിയിച്ചു. പിൻസീറ്റിലിരുന്ന ജിനേഷ് മുഖത്തടിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥന്റെ കണ്ണട തകർന്നു.
സംഭവം തടയാൻ ശ്രമിച്ച വനിതാ പ്രിൻസിപ്പൽ എസ്‌ഐ ഉൾപ്പെടെയുള്ള മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കും മർദനമേറ്റു. ആക്രമണത്തിനിടെ ഒരാൾ എസ്‌ഐ ജോൺ സേവ്യറിന്റെ കഴുത്തിൽ ചവിട്ടി ഞെരിക്കാൻ ശ്രമിച്ചതായും പൊലീസ് വ്യക്തമാക്കി.
പൊലീസിനൊപ്പമുണ്ടായിരുന്ന ഹോംഗാർഡ് വിവരം അറിയിച്ചതിനെ തുടർന്ന് സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ കീഴടക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലെത്തിച്ചു.
പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത്, വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചത്, അസഭ്യം പറഞ്ഞത് തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.











